എഴക്കാട് തിരുകുന്നപ്പുള്ളിക്കാവ് 
സര്‍വ്വസ്വരൂപേ സര്‍വ്വശേ
സര്‍വ്വശക്തി സമന്വിതേ
ഭയേഭ്യ സ്ത്രാഹിനോ ദേവീ
ദുര്‍ഗ്ഗേ ദേവീ നമോസ്തുതേ

പാലക്കാട് ജില്ലയിലെ 1500 വര്‍ഷത്തോളം പഴക്കമുണ്ടന്നു പഴമകാരും ചരിത്രകാരന്മാരും പറയുന്ന ദേവീക്ഷേത്രമാണ് എഴക്കാട് തിരുകുന്നപ്പുള്ളിക്കാവ് . പാലക്കാട് ചെര്‍പ്പുളശ്ശേരി സംസ്ഥാന പാതയില്‍ ,  പാലക്കാട് പട്ടണത്തില്‍ നിന്നും 16 കിലോമീറ്റര്‍ പടിഞ്ഞാറ് മാറി സ്ഥിതിചെയ്യുന്ന ഒരു ജനകീയ ക്ഷേത്രമാണ് ഇത്. ഈ ഭഗവതിക്ക്  മുതലായിട്ടുള്ളത് , വടക്ക് തലയുയര്‍ത്തി നില്‍ക്കുന്ന കല്ലടിക്കോടന്‍  മലമുതല്‍ തെക്ക് മുച്ചീരി മലകള്‍ക്ക് ഇടയില്‍ കിടക്കുന്ന പതിനെട്ടര​ ദേശങ്ങളില്‍ വസിക്കുന്ന ജാതിമതഭേതമില്ലാത്ത ജനസഹസ്രങ്ങളുടെ നിര്‍ലോഭമായ സഹകരണവും ആരാധനയും മാത്രമാണ്. അല്ലാതെ ഭഗവതിക്ക് പ്രത്യേകമായി വസ്തുവഹകളോ മുതലുകളോ ഒന്നും ഇല്ല. ക്ഷേത്രത്തിന്‍റെ ഇന്ന് കാണുന്ന രൂപമെല്ലാം ജാതിമതഭേദമെന്യയുള്ള ഭക്തരുടെ സംഭാവനയാണ്.
ഈ ക്ഷേത്രോല്പത്തിയെപ്പറ്റിയുള്ള പ്രചാരത്തിലുള്ള ഐതിഹ്യം ഇപ്രകാരമാണ്. ലോകത്തില്‍ ദുഷ്ടനിഗ്രഹശിഷ്ട പരിപാലനാര്‍ത്ഥം പല രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെടാറുള്ള ആദിപരാശക്തി ഒരിക്കല്‍ മൂന്ന് സഹോദരിമാരുടെ രൂപത്തില്‍  എഴക്കാട് ദേശത്തിന് തൊട്ടുള്ള കാഞ്ഞിക്കുളം എന്ന ദേശത്ത് ഒരു സാധുഭക്തകുടുംബമായ പതിയില്‍ വീട്ടില്‍ ഒരു ദിവസം  സായം സന്ധ്യക്ക് ചെന്നുവത്രേ. ഗൃഹനാഥനായ പതിയില്‍ മുത്താര്‍ എന്ത് സഹായമാണ് താന്‍ ചെയ്ത് തരേണ്ടത് എന്നാരാഞ്ഞപ്പോള്‍, ആ സഹോദരിമാര്‍ തങ്ങള്‍ക്ക് ഒരു നേരത്തെ ഭക്ഷണം മാത്രം മതി എന്നും, അത് തങ്ങള്‍ തന്നെ പാകം ചെയ്ത് കഴിച്ചോളാമെന്നും, അതിനുള്ള സൗകര്യം ചെയ്തുതന്നാല്‍ മതിയെന്നും പറഞ്ഞുവത്രേ. അവരുടെ ആവശ്യാനുസരണം​ വെച്ചുണ്ണുവാന്‍നായി ഗൃഹനാഥന്‍ മൂവര്‍ക്കുമായി ഒരു ഓട്ടുരുളിയും ഒരു ഇരുമ്പു ചട്ടിയും ഒരു മണ്‍ചട്ടിയും കൊടുത്തു എന്നും മൂവ​രും​
ഭക്ഷണം പാകം ചെയ്ത് കഴിച്ച് അവിടെ തന്നെ അന്തിയുറങ്ങുവാന്‍ അനുവാദം ചോദിച്ച് കിടക്കുകയും ചെയ്തുവത്രേ. പിറ്റേന്ന് കാലത്ത് സഹോദരികളെ കാണാഞ്ഞ ഗൃഹനാഥന്‍ പരിഭ്രമിച്ച് നാടു മുഴുവന്‍ നടന്ന് കാണാതായപ്പോള്‍ അന്നത്തെ ദേശവാഴിയായിരുന്ന കോങ്ങാട്ട് നായരെ സമീപിച്ച് കാര്യങ്ങള്‍ വിവരിക്കുകയും, ഗഹനാഥനും കോങ്ങാട്ട് നായരും മറ്റും ചേര്‍ന്ന് ദേശത്ത് പണിക്കരെ ചെന്ന് കണ്ട് പ്രശ്നം വയ്പ്പിച്ച് നോക്കുകയും ചെയ്തപ്പോള്‍ ആ വന്ന സഹോദരികള്‍ ആദിപരാശക്തിയുടെ രൂപങ്ങളാണെന്നും അവരെ വേണ്ട പോലെ പ്രതിഷ്ഠിച്ച് ആരാധിച്ചാല്‍ ആയത് നാടിനും നാട്ടുകാര്‍ക്കും ശ്രേയസ്കരമായിരിക്കും എന്നും കാണുകയാല്‍ ആയതിലെ ജ്യേഷ്ഠത്തിയെ കുന്നപ്പുള്ളി ഭഗവതി എന്ന പേരില്‍ എഴക്കാട്ടിലും, രണ്ടാമത്തെ സഹോദരിയെ മാഞ്ചേരി ഭഗവതി എന്ന പേരില്‍  കോങ്ങാട്ടിലെ ചെറായ എന്ന സ്ഥലത്തും, ഏറ്റവും ഇളയ സഹോദരിയെ സത്രം കാവില്‍ ഭഗവതി എന്ന പേരില്‍ കാഞ്ഞിക്കുളത്തും പ്രതിഷ്ഠിച്ച് ആരാധന ആരംഭിക്കുകയും ചെയ്തു എന്ന് പഴമക്കാര്‍ പറയുന്നു.ഇന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് സുമാര്‍ 100 മീറ്റര്‍ പടിഞ്ഞാറ് മാറി ​അര്‍ത്തക്കാട് എന്ന പുരയിടത്തി​ലെ നായര്‍ തറവാടിന്‍റെ തൊടികയിലെ മരക്കുടിലില്‍ ആണത്രേ ഭഗവതിയെ കോങ്ങാട്ട് നായരും മറ്റും ചേര്‍ന്ന് പ്രതിഷ്ഠിച്ചത്. സുമാര്‍ 600 വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്പൂതിരിമാരുടെ മേല്‍ക്കോയ്മ കോങ്ങാട് സ്വരൂപവും മറ്റും അംഗീകരിച്ചപ്പോള്‍ കാവും അതിനോട് ചേര്‍ന്ന സ്ഥലങ്ങളും അവര്‍ക്കധീനമായി. ദേവീ സാന്നിദ്ധ്യം ഇന്നും ആ തൊടികളില്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ദേവിയുടെ അവിടത്തെ വാസക്കാലത്ത് എല്ലാ വെള്ളിയാഴ്ചകളിലും അര്‍ദ്ധരാത്രിക്ക് ദേവിയും പരിവാരങ്ങളു​ മൊത്ത് സര്‍വ്വാഭരണവിഭൂഷിതയായി കാവിന്‍റെ പരിസരത്തുള്ള വയലില്‍ നൃത്തം ചെയ്യുക പതിവായിരുന്നെന്നും ഈ വയലുകള്‍ കളിക്കണ്ടം എന്ന പേരില്‍ പ്രസിദ്ധമായി എന്നും പഴമക്കാര്‍ പറയുന്നു. കാവിലേക്ക് വരുന്ന വേലകളെല്ലാം കളിക്കണ്ടത്തില്‍ കളിച്ച ശേഷമെ കാവില്‍ വരാറുള്ളൂ.എന്നത് ആയതിന്‍റെ ഓര്‍മ്മ പെടുതലാണ്.
അങ്ങിനെ നമ്പൂതിരിമാരുടെ അധീനതയില്‍ വന്ന കാവ് ഇന്ന് കാണുന്ന സ്ഥലത്തേക്ക് നമ്പൂതിരിമാരില്‍ ജന്മികളായ ഒളപ്പമണ്ണ മനക്കാര്‍ ആവാഹിച്ച് പ്രതിഷ്ഠ നടത്തി. ആദ്യം ദേവിയെ കാവില്‍ പ്രതിഷ്ഠിച്ചപ്പോള്‍ മുതല്‍ നായന്മാരാണ് ദേവിയുടെ​ പൂജാരികള്‍ , ആ പതിവ് ഇന്നും തുടരുന്നു.ദേവിയുടെ പ്രധാന ആഘോഷങ്ങളില്‍ ഒന്നാണ് കുംഭ മാസക്കാലത്ത് ആഘോഷിക്കുന്ന കുമ്മാട്ടി. കുമ്മാട്ടിയുടെ ഉത്ഭവത്തെപ്പറ്റിയും ഒരു ഐതിഹ്യം
ഉണ്ട്. തിരുകുന്നപ്പുള്ളി ഭഗവതി ദാരിക സംഹാരിണിയും ഉഗ്രമൂര്‍ത്തിയുമായ ഭദ്രകാളിയാണ്​. പണ്ട് കേരളത്തിലെ എല്ലാ നാട്ടുദേവതമാരുടെയും മേല്‍ക്കോയ്മ കൊടുങ്ങല്ലൂര്‍ ഭദ്രകാളിക്കായിരുന്നെന്നും, ആണ്ടിലൊരിക്കല്‍ തങ്ങള്‍ക്ക് കിട്ടുന്ന വഴിപാടുകളുടെ ഒരു ഭാഗം അവര്‍ ​കൊടുങ്ങല്ലൂരമ്മയ്ക്ക് കപ്പമായി കൊടുക്കന്നമെന്നുമുണ്ടായിരുന്നു.  കപ്പം  സമര്‍പ്പിച്ച് തൊഴുതുമടങ്ങണം എന്നാണ് ആചാരം, അത് പാലിക്കാന്‍ ഒരിക്കല്‍ കുന്നപ്പുള്ളി അമ്മക്ക് കഴിഞ്ഞില്ലത്രേ. അപ്പോള്‍ തന്നെ കുന്നപ്പുള്ളി ധിക്കരിച്ചോ എന്ന് കൊടുങ്ങല്ലൂരമ്മയ്ക്ക് ഒരു സംശയം. അങ്ങിനെയാണെങ്കില്‍ കുന്നപ്പുള്ളി അമ്മയെ ഒരു പാഠം പഠിപ്പിക്കണമെന്ന് നിശ്ചയിച്ച് അന്നു രാത്രി കൊടുങ്ങല്ലൂര്‍ ഭദ്രകാളി, കല്ലടിക്കൊടന്‍ മലയുടെ നിറുകയില്‍ കയറി നിന്നത്രേ. അപ്പോള്‍ സാധാരണ പോലെ കുന്നപ്പുള്ളി അമ്മ വാളുമെടുത്ത് മക്കളുടെ ക്ഷേമ ഐശ്വര്യങ്ങള്‍ അന്വേഷിച്ച് വടക്കോട്ടു നടന്ന് വെട്ടിത്തൊടി പള്ളി മണായലില്‍ വിശ്രമിക്ക​വേ, പെട്ടെന്ന്‍ കല്ലടിക്കോടന്‍ മലമുകളില്‍ അര്‍ദ്ധരാത്രി സൂര്യന്‍ ഉദിച്ചതുപോലെ ഒരു പ്രകാശം കണ്ട് അമ്മ ആദ്യം ഒന്ന് അമ്പരന്നു. നോക്കിയപ്പോള്‍ അലറുന്ന കൊമ്പനാനകളെ ഇരു കാതുകളിലും ആഭരണമായി അണിഞ്ഞ് വാള്‍, പരിച, കപാലം, ദാരികശിരസ്സ്, വെണ്‍ മഴു, തലയോട്ടി, മണി, സര്‍പ്പം, ശംഖ്, അമ്പ്, വില്ല് മുതലായ ആയുധങ്ങള്‍  64 കൈകളിലും ധരിച്ച് രക്തം ഇറ്റു വീഴുന്ന നീട്ടിയ നാക്കും, തീ ഊതുന്ന ദംഷ്ട്രകളും, ജ്വലിക്കുന്ന കണ്ണുകളു​മായി​ ഇടിവെട്ടും പോലെ അലറിക്കൊണ്ട് ആഘോരരൂപിണിയായ കൊടുങ്ങല്ലൂമ്മയെ കണ്ടു. ആ അമ്മ കുന്നപ്പുള്ളി അമ്മയെ വാളു കൊണ്ട് തലങ്ങും വിലങ്ങും വെട്ടി. കുന്നപ്പുള്ളി അമ്മ ഈ വെട്ടുകളെല്ലാം ഒഴിഞ്ഞും തിരിഞ്ഞും മറിഞ്ഞും ഒരഭ്യാസിയെപോലെ തടുത്ത് ഒരു പോറല്‍പോലും ഏല്‍ക്കാതെ രക്ഷപ്പെടുന്നത് കണ്ട് കൊടുങ്ങല്ലൂരമ്മയ്ക്ക് കോപവും സങ്കടവും ഒരുമിച്ചു വന്നു.  തന്‍റെ മക്കള്‍ നിര്‍ദ്ധനരാണെന്നും അതു കൊണ്ട് താന്‍ അവരോട് ഒന്നും ആവശ്യപ്പെടാറില്ലെന്നും അവര്‍ മനസ്സറിഞ്ഞു തരുന്നതിനെ തൃപ്തിയോടെ സ്വീകരിക്കുകയാണ് പതിവെന്നും, അതുകൊണ്ടാണ് മേല്‍ക്കോയ്മ പണംഅടയ്കുവാന്‍വൈകിയതെന്നും കുന്നപ്പുള്ളി അമ്മ ​പറഞ്ഞു നോക്കിയെങ്കിലും കൊടുങ്ങല്ലൂരമ്മ കുലുങ്ങിയില്ല. നിനക്ക് എന്നെക്കാള്‍ വലുത് നിന്‍റെ മക്കളാണല്ലെ, എന്നാല്‍ നിന്‍റെ മക്കളെയെല്ലാം ഏഴു ദിവസത്തിനകം വകവരുത്തിയേക്കാം എന്ന് പറഞ്ഞ് കോപത്തോടെ ആ മഹാഭദ്രകാളി മടങ്ങിപ്പോയെന്നും, അടുത്ത പ്രഭാതത്തില്‍ മക്കളുടെ  അമ്മേ.. അമ്മേ … രക്ഷിക്കണേ എന്ന ദീനരോദനം കേട്ടാണ് കുന്നപ്പുള്ളി അമ്മ ഉണര്‍ന്നതെന്നും പറയപ്പെടുന്നു. നോക്കുമ്പോള്‍ വസൂരിയുടെ കാഠിന്യം കൊണ്ട് മക്കളെല്ലാം മരിക്കാറായിരിക്കുന്നു. അമ്മക്കുണ്ടായ വേദന പറയാനാവില്ല. അമ്മ ഒരു ഭ്രാന്തിയെപ്പോലെ ഉടവാളുമെടുത്ത് അങ്ങുമിങ്ങും ഓടി. ഒടുവില്‍ കൊടുങ്ങല്ലൂരമ്മയുടെ കിങ്കരിയായ വസൂരിമാല എന്ന ദുര്‍ദേവതയെ പിടികൂടി വധിക്കാന്‍ തുനിഞ്ഞപ്പോള്‍ വസൂരിമാല കുന്നപ്പുള്ളി അമ്മയുടെ ചരണാരവിന്ദങ്ങളില്‍ കെട്ടിപ്പിടിച്ച്  എന്നെ കൊല്ലല്ലേ അമ്മേ എന്ന് കേണപേക്ഷിച്ചു​. ദീനരക്ഷകയായ  അമ്മ ആ അപേക്ഷ സ്വീകരിച്ച് വസൂരിമാലയെ വധിക്കാതെ വിട്ടു. അവളെ പ്രീതിപ്പെടുത്താനായി 101 മാനുകളെ വെട്ടി  ചോര കൊടുക്കുകയും, വസൂരിമാലയും ഭൂതഗണങ്ങളും അത് സ്വീകരിച്ച് അപ്രത്യക്ഷരാവുകയും ചെയ്തതോടെ മക്കളുടെ രോഗം നിശ്ശേഷം മാറുകയും ചെയ്തു. അങ്ങിനെ അമ്മ മാന്‍ വെട്ടി കുരുതി കൊടുത്ത സ്ഥലത്തിനെ മാന്‍ വെട്ടിക്കണ്ടം എന്ന് പറഞ്ഞു വരുന്നു. ക്ഷേത്രത്തിന് വടക്ക് വശം 150 മീറ്റര്‍ മാറി ആ കണ്ടം ഇന്നും ഉണ്ട്. അങ്ങിനെ മക്കള്‍ രോഗമെല്ലാം നിശ്ശേഷം മാറി ക്ഷേത്രത്തില്‍ വന്ന് ഭഗവതിക്ക് തങ്ങളുടെ കൈകള്‍ കൊണ്ട് തന്നെ പായസം വച്ച് ഊട്ടി തൃപ്തി അടഞ്ഞതായും പറയപ്പെടുന്നു. അങ്ങിനെ നാട്ടുകാരെല്ലാം കൂടി പായസം വച്ച് ഊട്ടി ഭഗവതിയെ തൃപ്തിപ്പെടുത്തി ആഘോഷത്തോടു കൂടി കഴിച്ചു കൂട്ടിയ ദിവസത്തെ കുമ്മാട്ടിയായി ആഘോഷിച്ചു. അന്നു മുതല്‍ കുമ്മാട്ടി ആഘോഷം ഉടലെടുത്തതായും പറയപ്പെടുന്നു. അടുത്ത കാലം വരെയും കുമ്മാട്ടി ദിവസങ്ങളില്‍ ക്ഷേത്രത്തിന് അകത്തും പുറത്തും പറമ്പുകളിലും അടുപ്പ് കൂട്ടി പായസം വച്ച് പൊങ്കാല ഇട്ടിരുന്നു. ഇപ്പോള്‍ നാമമാത്രമായിട്ടേ അത് ചെയ്ത് കാണുന്നുള്ളൂ. ആദ്യം ഉണ്ടായിരുന്ന ബിംബം പഴക്കം ചെന്ന് അംഗഭംഗം വന്നതിനാല്‍ 1983ല്‍ കരിങ്കല്ലു കൊണ്ട് ബിംബം ഉണ്ടാക്കി മാറ്റി പ്രതിഷ്ഠിച്ചു. 1983 മാര്‍ച്ച് ഇരുപത്തിഎട്ടാം തിയ്യതി മുതല്‍ (മീന മാസത്തെ ഉത്രം നാളില്‍) ആ പ്രതിഷ്ഠ നടന്നത്. ആ ദിവസത്തെ പ്രതിഷ്ഠാ ദിനമായി വിപുലമായ പരിപാടികളോടെ  ആഘോഷിക്കാറുണ്ട്. അന്ന് അന്നദാനം പ്രധാന ചടങ്ങാണ്.​ ഭഗവതിയുടെ ആവിര്‍ഭാവത്തെ പറ്റിയുള്ള ഐതിഹ്യമനുസരിച്ച് മുന്‍ പറഞ്ഞ 3 സഹോദരിമാരില്‍ ജ്യേഷ്ഠത്തി കുന്നപ്പുള്ളി അമ്മ എന്ന പേരില്‍ എഴക്കാട്ടും, രണ്ടാമത്തെ സഹോദരി മാഞ്ചേരി ഭഗവതി എന്ന പേരില്‍ ചെറാ​യയിലും മൂന്നാമത്തെ സഹോദരി സത്രം കാവില്‍ ഭഗവതി എന്ന പേരില്‍ കാഞ്ഞിക്കുളത്തും ​കുടികൊള്ളുന്നു എന്നും പറയപ്പെടുന്നു. ഈ ഐതിഹ്യത്തെ അടിസ്ഥാനമാക്കിയാവാം ഇന്നും ഓട്ടുരുളിയിലും ഇരുമ്പു ചട്ടിയിലും മണ്‍ചട്ടിയിലുംമാണ് നാട്ടുകാര്‍ യഥാക്രമം മൂന്ന് ക്ഷേത്രങ്ങളിലും നിവേദ്യങ്ങള്‍ ഉണ്ടാക്കി പൂജിച്ചു വരുന്നത്. സത്രം കാവില്‍ ഭഗവതി മഴ നനഞ്ഞു കൊണ്ടാണത്രേ കാഞ്ഞിക്കുളത്ത് ​കുടിയിരുന്നത്. അവിടെ ക്ഷേത്രമുണ്ടെങ്കിലും ശ്രീകോവിലിന് മേല്‍ക്കൂരയില്ല. സഹോദരിമാരാകയാല്‍ മൂവരം വിശേഷദിവസങ്ങില്‍ ഒത്തുചേരുമെന്നും തന്‍മൂലമാണ് ഒരു സ്ഥലത്തെ ആഘോഷാവസരങ്ങളില്‍ മറ്റു രണ്ടു ദിക്കിലും ആഘോഷങ്ങളും വിശേഷങ്ങളും പാടില്ലെന്നും വെച്ചിട്ടുള്ളത് ഇന്നും അതുപോലെ തന്നെ നടന്നു വരുന്നു. ഈ ഭഗവതിമാര്‍ കോങ്ങാട് തിരുമാന്ധാംകുന്ന് ഭഗവതിയുടെ ​അംശകലകള്‍ ആണെന്ന് വിശ്വാസം. ഈ തട്ടകത്തില്‍ ആശാരിക്കാവ് (കുന്നപ്പുള്ളിക്കാവ്), മൂശാരിക്കാവ് (കുന്നപ്പുള്ളിക്കാവ്) എന്നീ ക്ഷേത്രങ്ങള്‍ ആശാരിമാരുടെയും മൂശാരിമാരുടെയും പ്രത്യേക ആരാധനാമൂര്‍ത്തികളാണ്.  കാവില്‍ താലപ്പൊലി ആഘോഷിക്കുന്ന ദിവസം മറ്റു കാവുകളിലും പ്രത്യേകമായി ഗംഭീരമായി താലപ്പൊലി ആഘോഷിക്കുന്നു എന്നതു തന്നെ കുന്നപ്പുള്ളിക്കാവിന്‍റെ ജനകീയ സ്വഭാവം വിളിച്ചോതുന്ന കാര്യമാണ്​
അടുത്ത കാലത്ത് അതായത് 2013 ല്‍ ക്ഷേത്രത്തില്‍ ഉപദൈവങ്ങളായ ഗണപതി, അയ്യപ്പന്‍, നാഗങ്ങള്‍, ഹനുമാന്‍ എന്നിവര്‍ക്ക് പ്രത്യേക ക്ഷേത്രങ്ങള്‍ പണിത് അവരെ പ്രതിഷ്ഠിച്ചു ആരാധിച്ചു വരുന്നു. ഭഗവതിയുടെ കാവലാളായ ഭൈരവന്‍റയും ഒരു  വിഗ്രഹം ക്ഷേത്രമതില്‍ കെട്ടിനപ്പുറത്ത് വടക്കു കിഴക്കെ മൂലയില്‍ പ്രതിഷ്ഠിച്ചാരാധിക്കുന്നുണ്ട് .ഇവിടെ മേട മാസത്തില്‍ വിഷുവിനോട് അനുബന്ധിച്ച് വിഷുക്കണിയും കൈനീട്ടവും വിഷു കഞ്ഞിയും ഗംഭീരമായ വിഷു വേലയും വടക്ക് കല്ലടിക്കോടന്‍ മല മുതല്‍ തെക്ക് മുച്ചീരി മലവരെയുള്ള
പതിനെട്ടര ദേശങ്ങളില്‍ നിന്നും വരുന്നവിവിധതരം വേലകള്‍ വണ്ടി വേഷങ്ങളും, പല്ലക്കുകള്‍, പുതന്‍തിറകള്‍, കാളകള്‍, തട്ടിന്മേല്‍
കൂത്ത്, വിവിധതരം വാദ്യങ്ങള്‍ എന്നിവയടക്കം പാലക്കാട്‌ ജില്ലയില്‍ തന്നെ ഏറ്റവും വലിയ ജനകീയവേല, കര്‍ക്കിടകമാസത്തില്‍
തൃകാലപൂജ,രാമായണമാസാചരണം, നവാഹം എന്നിവയും വൃശ്ചിക മാസത്തില്‍ ചുറ്റുവിളക്കും വിളക്ക്അവസാനം താലപ്പൊലിയും
മകരം 14,15 തിയ്യതികളില്‍ ധ്വജപ്രതിഷ്ഠദിനവും മകരം 16 മുതല്‍ പാവകൂത്തവസാനം കുംഭത്തില്‍ കുമ്മാട്ടിയും മകരം 16 മുതല്‍ക്കുതന്നെ കളംപാട്ടും പാട്ട്അവസാനം താലപ്പൊലിയും മറ്റും കൊല്ലംതോറും പൂര്‍വാധികം ഭംഗിയായി നാട്ടുകാരുടെ ഉത്സാഹത്തില്‍ നടത്തിവരുന്നുണ്ട്.
ശ്രീ ഒളപ്പ​മ​ണ്ണ​മന ദേവസ്വം (എഴക്കാട്) ഗ്രൂപ്പിനാണ് ക്ഷേത്രത്തിന്‍റെ ഭരണാധികാരം, മലബാര്‍ ദേവസ്വം ബോര്‍ഡിന്‍റെ  കീഴിലുള്ള ക്ഷേത്രമാണിത്. നാട്ടു​കാരുടെ ഒരു കമ്മിറ്റി (ക്ഷേത്ര സംരക്ഷണ സമിതി) രജിസ്റ്റര്‍ ചെയ്ത് 1983 മുതല്‍ ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു. ക്ഷേത്രഭരണകാര്യങ്ങളിലും മറ്റ് ഉത്സവ നടത്തിപ്പു കാര്യങ്ങളിലും മറ്റും ദേവസ്വത്തിനോട്‌ ചേര്‍ന്ന്​ സമിതി ​ ഭംഗിയായി കാര്യങ്ങള്‍ നടത്തി കൊണ്ടു പോകുന്നുണ്ട്.

ഓണ്‍ ലൈന്‍ സേവനങ്ങള്‍

service1

E-pooja

Now you can offer Poojas online

service2

E-Service

Now you can receive prasadam,CD’s
Books online

service3

E-Hundi

Now you can Donate Online

devi

E-Donation

Now you can Donate Online